മലയാളി കത്തോലിക്കാ സമൂഹത്തിന്റെ പുതിയ അസി. ചാപ്ലയിന്‍ സെപ്റ്റംബര്‍ 9ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും

വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്റെ അസി. ചാപ്ലയിനായി (Aushilfe Seelsorger) ഫാ. വില്‍സണ്‍ മേച്ചേരില്‍ എം.സി.ബി.എസ് നിയമിതനായി. സെപ്റ്റംബര്‍ 9ന് മൈഡ് ലിംഗിലും സ്റ്റഡ് ലൗവിലും നടക്കുന്ന വി.കുര്‍ബാനകളില്‍ അദ്ദേഹത്തെ ഔപചാരികമായി പരിചയപ്പെടുത്തും. അന്ന്തന്നെ അദ്ദേഹം എം.സി.സി വിയന്നയുടെ സഹശുശ്രുഷകനായി ഔദ്യോഗികമായി ചുമതലയേല്‍ക്കും.

എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ ജനിച്ച ഫാ. വില്‍സണ്‍ 2011 മെയ് 9ന് എം.സി.ബി.എസ് (Missionary Congregation of the Blessed Sacrament) സന്യാസസഭയിലൂടെ വൈദീകനായി. പൗരോഹിത്യശുശ്രുഷയോടൊപ്പം സംഗീതത്തെയും ഏറെ സ്‌നേഹിക്കുന്ന ഫാ. വില്‍സണ്‍ കരുണാനികേതന്‍ പബ്ലിക്കേഷന്റെ കോ-ഓര്‍ഡിനേറ്ററായും, അനാഥ കുട്ടികളുടെ സംഗീത അഭിരുചി പരിപോഷിപ്പിക്കാന്‍ ആരംഭിച്ച സോബിന്റെ (Singing of the budding Beethovens) സ്ഥാപക ഡയറക്ടര്‍ കൂടിയാണ്.

ഇതിനോടകം നിരവധി സംഗീത ആല്‍ബങ്ങളും, രചനകളും അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. പ്രൊഫഷണല്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റ് കൂടിയായ ഫാ. വില്‍സണ്‍ സ്വാതി തിരുനാള്‍ സംഗീത കലാലയത്തില്‍ നിന്നും ക്ലാസിക്കല്‍ സംഗീതത്തില്‍ ബിരുദവും ബിരുദാനന്തരവും റാങ്കോടു കൂടി കരസ്ഥമാക്കിയ ചുരുക്കം വ്യക്തികളിലൊരാളാണ്.

കഴിഞ്ഞ 5 വര്‍ഷമായി വിയന്ന യൂണിവേഴ്സിറ്റിയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന അദ്ദേഹം വിയന്ന അതിരൂപതയിലെ ഗ്രോസ് എഡ്ലേഴ്സ്ഡോര്‍ഫ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയായി (Aushilfskaplan) സേവനം അനുഷ്ഠിക്കുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ എം.സി.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
http://www.iccvienna.org/wilson_mecheril.asp