വിയന്നയിലെ പൗരസ്ത്യ സഭകളുടെ ചുമതല ഇനിമുതല്‍ കര്‍ദിനാള്‍ ഷോണ്‍ബോണിന്: പുതിയ ഓര്‍ഡിനറിയാത്ത് ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍

ജോബി ആന്റണി

വിയന്ന: ഓസ്ട്രിയയില്‍ കത്തോലിക്കാ വിശ്വാസം പിന്തുടരുന്ന എല്ലാ പൗരസ്ത്യ സഭകളുടെയും അജപാലന ഉത്തരവാദിത്വം ഇനിമുതല്‍ വിയന്ന അതിരൂപത മെത്രാപ്പോലിത്ത കര്‍ദിനാള്‍ ഷോണ്‍ബോണിന്. ഇതുസംബന്ധിച്ച വത്തിക്കാന്റെ ഉത്തരവ് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിലായി.

പുതിയ മാറ്റമനുസരിച്ച് സീറോ മലബാര്‍, മലങ്കര സഭകള്‍ ഉള്‍പ്പെട്ട പൗരസ്ത്യ സഭകളുടെ ഔദ്യോഗിക ചുമതല കര്‍ദിനാളിനായിരിക്കും. ഏകദേശം 10,000 പേരാണ് വിവിധ പൗരസ്ത്യ സഭകളിലായി ഓസ്ട്രിയയില്‍ ജീവിക്കുന്നത്. ഈ വിഭാഗത്തിലായി 23 കത്തോലിക്കാ സഭകളാണ് അവരവരുടെ തനതായ ആചാരനുഷ്ഠനാങ്ങള്‍ പിന്തുടരുന്നത്. ഇതുവരെ ഉക്രേനിയന്‍, റുമേനിയന്‍- മെല്‍കിത്, ഗ്രീക്ക് കത്തോലിക്കാ സഭ ഉള്‍പ്പെട്ട ബൈസന്റൈന്‍ സഭ, ഹംഗേറിയന്‍ -സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ, സെര്‍ബിയ ഗ്രീക്ക് കത്തോലിക്കാ എക്‌സാര്‍ക്കേറ്റ്, ഗ്രീക്ക് കത്തോലിക്കാ മുകാഛെവൊ സഭ എന്നിവയായിരുന്നു ഓസ്ട്രിയയില്‍ നിലവിലെ സംവിധാനത്തില്‍ പൗരസ്ത്യ സഭകളുടെ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ടിരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലങ്കര, സീറോ മലബാര്‍ സഭകളെ മലയാള ഭാഷാവിഭാഗം എന്ന നിലയില്‍ അന്യഭാഷാ സമൂഹങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ഗെ ആഗിന്റെ (ARGE AAG) കീഴില്‍ വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലിന്റെ അജപാലന ചുമതലയിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഈ സഭകള്‍ മറ്റു പൗരസ്ത്യ സഭകളുടെ കൂടെ പുതിയ ഓര്‍ഡിനറിയാറ്റിന്റെ കീഴില്‍ കര്‍ദിനാളിന്റെ നേരിട്ടുള്ള ഭരണത്തില്‍ ആയിരിക്കും (ഓര്‍ഡിനറിയാത്ത്: യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും വ്യക്തിഗത പൗരസ്ത്യ സഭാംഗങ്ങള്‍ അധികം ഇല്ലാത്ത രാജ്യങ്ങളില്‍ അവരുടെ ആധ്യാത്മിക മേല്‍നോട്ടത്തിനായി മാര്‍പാപ്പ ഏര്‍പ്പെടുത്തുന്ന ഭരണ സംവിധാനമാണിത്: ഉദാഹരണത്തിന് സ്പെയിനിലെ പല രൂപതകളിലും പൗരസ്ത്യ സഭാംഗങ്ങള്‍ ഉണ്ട്. എന്നാല്‍ അവര്‍ എല്ലാവരും ഒരു ഓര്‍ഡിനറിയാത്തിന്റെ കീഴിലാണ്. മാഡ്രിഡിലെ ആര്‍ച്ബിഷപ്പാണ് ഇപ്പോള്‍ സ്പെയിനിലെ ഓര്‍ഡിനറിയാത്തിന്റെ മെത്രാന്‍). പുതിയ ഓര്‍ഡിനറിയാത്ത് ഈ സഭകളുടെ തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാങ്ങള്‍ ക്രമീകരിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന ഔദ്യോഗിക നടപടികളുടെ ഒരു സുപ്രധാന ഘട്ടമായി വ്യാഖ്യാനിക്കപ്പെടുന്നു.

പൗരസ്ത്യ കല്‍ദായ സഭ, മറോണൈറ്റ് ചര്‍ച്ച്, സീറോ മലബാര്‍ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, വ്യക്തിഗത വിശ്വാസികള്‍ ഉള്‍പ്പെട്ട കോപ്റ്റിക് കത്തോലിക്ക സുറിയാനി സഭ എന്നിവയാണ് ഇപ്പോള്‍ പുതുതായി ഓര്‍ഡിനറിയാത്തില്‍ ചേര്‍ത്ത കത്തോലിക്കാ സഭാ വിഭാഗങ്ങള്‍. ഇതോടെ 1956ല്‍ നിലവില്‍ വന്ന ‘ബൈസന്റൈന്‍ ഓര്‍ഡിനറിയാറ്റ്’ ഓസ്ട്രിയയിലെ പൗരസ്ത്യ കത്തോലിക്കാ സഭകളെ മുഴുവന്‍ ഉള്‍കൊള്ളുന്ന പൗരസ്ത്യസഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്ത് എന്ന് അറിയപ്പെടും.

ഈ ഓര്‍ഡിനറിയാത്തിലുള്ള സഭകളിലെ വിശ്വാസികളിലില്‍ ഭൂരിഭാഗവും വിയന്നയിലും പരിസരങ്ങളിലുമാണ് ആരാധന നടത്തുന്നത്. അതേസമയം മറ്റു സംസ്ഥാനങ്ങളിലും ഇതര കത്തോലിക്കാ സഭാ വിശ്വാസികള്‍ ജീവിക്കുന്നുണ്ട്. 44 വൈദീകരാണ് ഇപ്പോള്‍ ഈ സഭകള്‍ക്ക് വേണ്ടി ഓസ്ട്രിയയില്‍ ശുശ്രുഷ നടത്തുന്നത്. ബൈസന്റൈന്‍ സഭയുടെ വികാരി ജനറാളായ മോണ്‍. യുരിയി കൊളാസോ ഇനി മുതല്‍ എല്ലാ സഭകളുടെയും മുഖ്യവികാരി ജനറലായും, ആന്‍ഡ്രിയാസ് ലോട്ട്‌സ് ചാന്‍സലര്‍ എന്ന നിലയിലും, അസിസ്റ്റന്റായി ക്രിസ്റ്റിന എം. ഷ്വാര്‍ത്സും അഭിവന്ദ്യ കര്‍ദ്ദിനാളിനെ പുതിയ അജപാലനദൗത്യത്തില്‍ സഹായിക്കും.

കടപ്പാട്: www.erzdioezese-wien.at
ഫോട്ടോ: Twitter@KardinalWien, Twitter@Pontifex