വിയന്നയില്‍ സീറോ മലബാര്‍ സഭയ്ക്ക് എസ്ലിംങില്‍ രണ്ടാമത്തെ ഇടവക വരുന്നു: പ്രഖ്യാപനം ജൂലൈ 9ന്
വിയന്ന: സീറോ മലബാര്‍ സഭയുടെ മെഡിലിങ്, സൈക്കോഗാസെ പള്ളികള്‍ക്ക് പുറമെ സഭയ്ക്ക് രണ്ടാമത്തെ സ്വതന്ത്ര ഇടവക കൂടി നിലവില്‍ വരുന്നു. ഫാ. തോമസ് കൊച്ചുചിറ വികാരിയായും, ഫാ. ഡിന്റോ ജോസ് പ്ലാക്കല്‍ അസി. വികാരിയുമായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഔപചാരിക പ്രഖ്യാപനം ജൂലൈ 9ന് എസ്ലിംങില്‍ വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന വി. കുര്‍ബാനയില്‍ നടക്കും.
പുതുതായി വരുന്ന ഇടവക എസ്ലിംങില്‍ നിന്നുള്ള വിശ്വാസികളുടെ കൂട്ടായ്മയിലാണ് നടക്കുന്നത്. ഭരണപരവും, വിശ്വാസപരവുമായ കാര്യങ്ങളില്‍ പുതിയ ഇടവക സ്വതന്ത്രമായി പ്രവര്‍ത്തിക്കും. നിലവിലെ ഇടവകയിലെ പൊതുസംവിധാനങ്ങളും ഇടവക ജനങ്ങളും പുതിയ ഇടവക നിലവില്‍ വരുന്നതോടെ വിഭജിക്കപ്പെടേണ്ടിവരികയും, പുതിയക്രമീകരണങ്ങള്‍ ഇരുസ്ഥലങ്ങളിലും ഉണ്ടാക്കേണ്ടിയും വന്നേക്കും.
സീറോ മലബാര്‍ സഭാംഗങ്ങളെ ഓസ്ട്രിയയില്‍ ജോലിയ്ക്കു വന്നിരിക്കുന്നവരുടെ ഒരു ഭാഷാസമൂഹം എന്നനിലയില്‍ നിന്നും ഒരു വ്യക്തിഗത സഭയുടെ അംഗങ്ങളായി അംഗീകരിച്ചുള്ള പ്രഖ്യാപനം 2019-ല്‍ നടന്നിരുന്നു. ഇതോടെയാണ് സീറോ മലബാര്‍ സഭ ഓസ്ട്രിയയില്‍ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്റെ (ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായി മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) നേരിട്ടുള്ള ഭരണത്തിന് കീഴിലായത്.
2019 മാര്‍ച്ച് മൂന്നാം തിയതി വിയന്നയിലെ മൈഡ് ലിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങിലാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടന്നത്. തുടര്‍ന്ന് ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാള്‍ ഫാ. യുറീ കൊളാസയാണ് സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള ഓറിയന്റല്‍ സഭകളുടെ ഭരണനിര്‍വ്വഹണം നടത്തിവരുന്നത്.
നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങള്‍ ഓര്‍ഡിനറിയാത്തിന്റെ മെത്രാനെ സമയാസമയങ്ങളില്‍ അറിയിക്കുന്നതും സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുന്നത്.
കുടിയേറ്റത്തെക്കുറിച്ചും പൗരസ്ത്യ സഭകളെക്കുറിച്ചും ഉള്ള ദൈവശാസ്ത്ര വീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ സഭയ്ക്ക് ഓസ്ട്രിയയില്‍ കൈവന്ന മാറ്റം ആന്തരീകമാണെന്നും, ഒരു മത സാമൂഹിക സംഘടന എന്നതില്‍ നിന്നും ഒരു വ്യക്തിഗത സഭാസമൂഹമായി രൂപപ്പെടാന്‍ സഭയ്ക്ക് കഴിഞ്ഞുവെന്നത് 1966ല്‍ ഓസ്ട്രിയയില്‍ ആരംഭിച്ച മലയാളി കത്തോലിക്കരുടെ കുടിയേറ്റ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമാണെന്ന് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് 2019ല്‍ വ്യക്തമാക്കിയിരുന്നു.









