മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ അഭിവന്ദ്യ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍ എത്തിച്ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ റാഫേല്‍ തട്ടിലിനും, യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
സീറോമലബാര്‍ സഭ ഉള്‍പ്പെട്ട ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറല്‍ മോണ്‍. യൂറി കൊളാസയും, സഭയുടെ വിയന്നയിലെ ഇരു ഇടവകകളിലെ വൈദികരും, അല്മായ പ്രതിനിധികളും ഒരുമിച്ച് വിമാനത്താവളത്തിലെത്തി ബൊക്കെ നല്‍കിയാണ് അഭിവന്ദ്യ വൈദിക ശ്രേഷ്ഠരെ സ്വീകരിച്ചത്
യൂറോപ്പിലെ ഏറ്റവും പ്രമുഖ ദേവാലയങ്ങളിലൊന്നായ വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ മെയ് 25ന് ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് സീറോമലബാര്‍ സഭയുടെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പിന്നീട് അതിരൂപതയുടെ മെത്രാസനമന്ദിരത്തില്‍ സ്വീകരണച്ചടങ്ങുകളും നടക്കും. ഓസ്ട്രിയയിലെ സഭാസമൂഹവും, സീറോ മലബാര്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സ്വീകരണത്തെ നോക്കികാണുന്നത്.
സ്റ്റെഫാന്‍സ് ഡോമില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ പങ്കെടുക്കാനും തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേയ്ക്കും വിയന്നയിലെ ഇരു ഇടവകകളിലെയും വൈദികരും പാരിഷ് കമ്മിറ്റി അംഗങ്ങളും ഏവരെയും ക്ഷണിച്ചു.