കൊല്ലം പ്രവാസി അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് ആവേശപൂര്‍വ്വമായ സമാപനം

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2024-2026 കാലഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന പത്ത് ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം കെ.സി.എ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ വച്ചു ആവേശപൂര്‍വ്വം നടന്നു

പത്തു ഏരിയകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട സിസി അംഗങ്ങളും, നിലവിലെ സി.സി, എസ്.സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറില്‍ പരം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎ യുടെ സംഘടന സംവിധാനത്തിന്റെ നേര്‍ ചിത്രമായിരുന്നു.

പൊതുയോഗം, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ച ആദ്യ സെഷനായ പൊതുയോഗത്തിനു സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു .

കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ സ്വദേശികളെയും, പ്രവാസികളെയും ചേര്‍ത്ത് പിടിച്ച ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കും, ഭരണകൂടത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും, ജില്ലാ കമ്മിറ്റി പാസാക്കുകയും ചെയ്തു. കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ അന്തരിച്ച കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെയും പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി അനുശോചന പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു

ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ 2024 -26 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സെക്രട്ടറി അനില്‍ കുമാര്‍ 2024 -26 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ ഇരു റിപ്പോര്‍ട്ടുകളും പാസ്സാക്കി. വനിതാ വിഭാഗം പ്രവാസി ശ്രീയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചെയര്‍പേഴ്‌സണ്‍ അഡ്വ. പ്രദീപ അനില്‍ അവതരിപ്പിച്ചു. പുതിയതായി സെന്‍ട്രല്‍ കമ്മിറ്റിയിലേക്കും, ഡിസ്ട്രിക്ട് കമ്മിറ്റിയിലേക്കും, പ്രവാസി ശ്രീയിലേക്കും വന്ന അംഗങ്ങളുടെ പ്രഖ്യാപനം നടത്തുകയും, കാലാവധി പൂര്‍ത്തിയാക്കിയ ഏരിയ പ്രതിനിധികളെയും, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെയും മോമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു .

തുടര്‍ന്ന് നടന്ന പ്രധിനിധി സമ്മേളനത്തില്‍ റിഫ, മനാമ, സല്‍മാനിയ, സല്‍മാബാദ്, സിത്ര, ഹിദ്ദ്, മുഹറഖ്, ഗുദൈബിയ, ഹമദ് ടൌണ്‍, ബുദൈയ എന്നീ 10 ഏരിയ സമ്മേളനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗങ്ങളും, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും പങ്കെടുത്തു. സംഘടന വിവരണവും കെ.പി.എ ഭരണഘടനാ ചര്‍ച്ചയും പ്രസിഡന്റ് അനോജ് മാസ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു. സിസി നിര്‍ദേശിച്ച ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട ചര്‍ച്ചയും പാസ്സാക്കലും പ്രധിനിധി സമ്മേളനത്തില്‍ നടന്നു.

പിന്നീട് നടന്ന സെന്‍ട്രല്‍ കമ്മിറ്റിയില്‍ പുതിയ സെക്രട്ടറിയേറ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും, വരണാധികാരികള്‍ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷാധികാരികളും, സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തോടെ ജില്ലാ സമ്മേളനം അവസാനിച്ചു.