കലാവിസ്മയമായി കൈരളി നികേതന്‍ വാര്‍ഷികാഘോഷം; നൃത്തസന്ധ്യയില്‍ ഡിസ്ട്രിക്ട് ജി.എം.വി. വിജയി

വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ ഭാഷാ-സാംസ്‌കാരിക പൈതൃകം പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്ന കൈരളി നികേതന്‍ വിയന്നയുടെ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. കലയും സംസ്‌കാരവും ഒത്തുചേര്‍ന്ന പുതുതലമുറയുടെ മഹോത്സവം, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രേക്ഷകരുടെ ആവേശകരമായ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

മലയാള ഭാഷയുടെയും ഭാരതീയസംസ്‌കാരത്തിന്റെയും സൗന്ദര്യം വാരിവിതറിയ ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, നൃത്തശില്പങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൃത്തമത്സരം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. മസക്കലീസ്, റാപ്പിഡ് റിഥം, ഡിസ്ട്രിക്ട് ജി.എം.വി., കാന്താരീസ് ആന്‍ഡ് കുട്ടന്‍സ്, സുപ്പര്‍ സുരാസുന്ദരീസ്, ബോയിസ് ഫോര്‍ എവര്‍ എന്നീ ആറു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഡിസ്ട്രിക്ട് ജി.എം.വി. ഒന്നാം സ്ഥാവും സുപ്പര്‍ സുരാസുന്ദരീസ് രണ്ടാം സ്ഥാനവും കാന്താരീസ് ആന്‍ഡ് കുട്ടന്‍സ് മൂന്നാം സ്ഥാനവും നേടി.

വേറിട്ട പ്രകടനങ്ങള്‍ കൊണ്ട് ഓരോ ടീമും പ്രേക്ഷകപ്രശംസ നേടി. കാലോചിതമായ രീതിയില്‍ മൂല്യ നിര്‍ണയം നടത്തിയ മല്‍സരത്തില്‍, ആകെ മാര്‍ക്കിന്റെ 60 ശതമാനം വിദഗ്ധരായ ജഡ്ജിങ് പാനലിന്റെ വിലയിരുത്തലിലും ശേഷിക്കുന്ന 40 ശതമാനം മാര്‍ക്ക് പ്രേക്ഷകരുടെ വോട്ടിങിലൂടെയും നിര്‍ണയിച്ചു. വിജയികള്‍ക്ക് ട്രോഫികളും, സമ്മാനത്തുകയും വിവിധ സ്‌പോണ്‍സറുമാര്‍ സമ്മാനിച്ചു.

ഓസ്ട്രിയയുടെ മണ്ണില്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ദീപശിഖ ജ്വലിപ്പിച്ച് മുന്നേറുന്ന കൈരളി നികേതന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വാര്‍ഷികാഘോഷം കൂടുതല്‍ ഊര്‍ജവും പ്രചോദനവും പകര്‍ന്നതായി പ്രസിഡന്റ് സുനിഷ് മുണ്ടിയാനിക്കല്‍ അറിയിച്ചു. പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ബിബിന്‍ കുടിയിരിക്കല്‍, മനു കിണറ്റുകര എന്നിവരെയും കൈരളിയുടെ മറ്റ് ഭാരവാഹികളെയും അഭിനന്ദിച്ചു. ജര്‍മ്മന്‍ ഭാഷയില്‍ ആശ നിലവൂരും, മലയാള ഭാഷയില്‍ ബിജു പൊലിക്കോടും അവതരണം നിര്‍വ്വഹിച്ചു.

കൈരളി നികേതന്റെ ഭാരവാഹികള്‍:
സുനിഷ് മുണ്ടിയാനിക്കല്‍ (പ്രസിഡന്റ്)
അരുണ്‍ മംഗലത്ത് (വൈസ് പ്രസിഡന്റ്)
ആശ നിലവൂര്‍ (ജനറല്‍ സെക്രട്ടറി)
അഭിലാഷ് എര്‍ത്തെ മാടത്തില്‍ (കാഷ്യര്‍)
സുബിന്‍ പൂംകോട്ടയില്‍ (ജോയിന്റ് സെക്രട്ടറി)
ബിബിന്‍ കുടിയിരിക്കല്‍ (ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി)
മജോള്‍ തോമസ്, നിര്‍മ്മല്‍ ജെയിംസ് (ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ്)
ജിന്‍സി സെബാസ്റ്റ്യന്‍ (ഡാന്‍സ് & മ്യൂസിക് കോര്‍ഡിനേറ്റര്‍)
ജസ്റ്റിന്‍ ജോസഫ് അരുമനത്തറയില്‍ (ഫിനാന്‍സ് കമ്മിറ്റി അംഗം)
ജിന്‍സ്‌മോന്‍ ജോസഫ് (സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി)
കെവിന്‍ ചാക്കോ (സ്‌പോര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍)
ധന്യ തിരുത്തനത്തില്‍, ലിയോ ഏലിയാസ് (നിര്‍വാഹക സമിതി അംഗങ്ങള്‍)
ഫാ. സജി ജേക്കബ് വാളിപ്ലാക്കല്‍ (പ്രതിനിധി, സെന്റ് ജോസഫ് എസ്എംസി എസ്ലിംഗ് വിയന്ന)
ബോബന്‍ കളപ്പുരക്കല്‍ (പ്രതിനിധി, സെന്റ് തോമസ് എസ്എംസി മെയ്ഡ്‌ലിംഗ് വിയന്ന)
ജിസി മുണ്ടാട്ടില്‍ (പ്രതിനിധി, സേക്രഡ് ഹാര്‍ട്ട് എസ്എംസി സൈകോഗാസെ വിയന്ന)