ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നു റിപ്പോര്‍ട്ട്
നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ബിഷപ്പിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
പ്രായത്തിന്റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്റേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബിഷപ്പിന്റെ രക്തസാമ്പിളും ഇസിജിയും പരിശോധിച്ചിരുന്നു. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തൃപ്പൂണിത്തുറയില്‍നിന്ന് കോട്ടയത്തേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 10.45ന് ഫ്രാങ്കോയെ കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേ തനിക്ക് വല്ലാത്ത ക്ഷീണവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി ബിഷപ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറിനെ അറിയിച്ച് നിര്‍ദേശമനുസരിച്ചായിരുന്നു നടപടി.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്റെ പദ്ധതി.
അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.