ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തി ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഇരയുടെ വിവരങ്ങള്‍ പുറത്ത് വിട്ട കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ക്കെതിരെ കുറവിലങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി. അതേസമയം, ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് തങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യം വിശദീകരിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്ന് കോടതി അറിയിച്ചു.
പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ഫോട്ടോയും വിവരങ്ങളും സിസ്റ്റര്‍മാരായ അമലയും ആനി റോസും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ വഴി കൈമാറിയിരുന്നു. എന്നാല്‍, ഇ മെയിലില്‍ പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയിരുന്നില്ല. പേര് വെളിപ്പെടുത്തിയില്ലെങ്കിലും പരാതിക്കാരിയുടെ വിശദശാംശങ്ങള്‍ വെളിപ്പെടുത്തിയ കന്യാസ്ത്രീകളുടെ നടപടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228-എ വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി വാദിച്ചു.
ഇ മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയം എന്ന നിലയിലാണ് ഹൈക്കോടതി വിലയിരുത്തിയിരുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ നിരീക്ഷണം നിയമപരമായി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനോട് കോടതിയും യോജിച്ചു. അതേസമയം, കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ ഈ അധ്യായം അവസാനിച്ചുവെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകള്‍ക്കെതിരായ തങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തി വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.