‘2.0’ ക്കെതിരെ മൊബൈല്‍ സേവന ദാതാക്കള്‍
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായ ‘2.0’ ക്കെതിരെ നിയമ നടപടിയുമായി സെല്‍ഫോണ്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് (COAI).
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന രജനികാന്ത് ശങ്കര്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘2.0’ നാളെ ടീയറ്ററുകളില്‍ എത്താനിരിക്കെയാണ് ഈ കേസ് വന്നിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലിയാണ് പരാതി. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെയാണ് COAI സെന്‍സര്‍ ബോര്‍ഡിലും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും പരാതി നല്‍കിയിരിക്കുന്നത്.
തികച്ചും അശാസ്ത്രീയമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണുകളെയും മൊബൈല്‍ ടവറുകളെയും ശാസ്ത്രത്തിന്റെയോ സാങ്കേതിക വിദ്യയുടെയോ അടിസ്ഥാനമില്ലാതെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസറുകളും ട്രൈലറുകളും പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ റിലീസ് തടയണമെന്നും, പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടായ ശേഷം മാത്രമേ റിലീസ് അനുവദിക്കാവൂ എന്നും ഇവര്‍ അപേക്ഷിച്ചിട്ടുണ്ട്.
പ്രമുഖ സേവന ദാതാക്കളായ ജിയോ, എയര്‍ട്ടെല്‍, വൊഡാഫോണ്‍ എന്നിവരാണ് COAI അംഗങ്ങള്‍. നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോ അണിയറക്കാരോ പരാതിയെകുറിച്ചുള്ള ഒരു പ്രതികരണവും നടത്തിയിട്ടില്ല.