കൈരളി നികേതന്‍ സ്‌കൂള്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു



വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളുടെ പ്രര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരില്‍ സ്വാഗതം ആശംസിച്ചു. ബോബന്‍ കളപ്പുരയ്ക്കല്‍ സന്ദേശം നല്‍കി.

വിശിഷ്ട അതിഥിയായെത്തിയ ഐറിസ് ഫ്രാങ്ക് (ആര്‍ഗെ ആഗ്), കത്തോലിക്ക യുണിവേഴ്‌സിറ്റി നിന്നുള്ള ഫാ. സൈമണ്‍ ഡി കൊയിക്ലാരെ എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. സ്‌കൂള്‍ അദ്ധ്യാപിക കുമുദിനി കൈന്തല്‍ പഠിപ്പിച്ച ക്ലാസിക്കല്‍ നൃത്തത്തോടുകൂടി കലാപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളുടെ കരോള്‍ ഗാനവും നൃത്തനൃത്യങ്ങളും വേദിയെ ആവേശമുഖരിതമാക്കി. സോഫിയ & സാന്ദ്ര കുന്നേക്കാടന്‍ കുട്ടികള്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ വാദ്യം ഏറെ ഹൃദ്യമായി. ക്രിസ്മസ് പാപ്പയായി എത്തിയ സെബാസ്റ്റ്യന്‍ കിണറ്റുകര കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.

സ്‌കൂള്‍ കമ്മിറ്റിയും, ടീച്ചര്‍മാരും, മാതാപിതാക്കളും ആഘോഷം അവിസ്മരണീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സ്‌കൂളിലെ നൃത്താദ്ധ്യാപികയായ നമിത കൂട്ടുമ്മേല്‍ അവതാരകയായിരുന്നു. കുട്ടികളുടെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ലഘുഭക്ഷണത്തോടെയാണ് ആഘോഷത്തിന് തിരശീല വീണത്. സ്‌കൂള്‍ സെക്രട്ടറി ജോമി സ്രാമ്പിക്കല്‍ നന്ദി അറിയിച്ചു.