സംവിധായകന്‍ പ്രിയനന്ദനന് മര്‍ദനം; തലയില്‍ ചാണകവെള്ളം തളിച്ചു

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. വീടിനടുത്തുവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രിയനന്ദനന്‍ പറയുന്നു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യുകയും ചെയ്തിരുന്നു.

വീടിനടുത്ത് സ്ഥിരമായി നടക്കുന്ന സ്ഥലത്ത് കാത്തിരുന്നയാള്‍ പിന്നില്‍ നിന്നും ചാണകവെള്ളം തളിക്കുകയായിരുന്നു. പിന്നാലെ മര്‍ദിക്കുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ പറഞ്ഞു. കണ്ടാല്‍ അറിയാവുന്നയാളാണ് ആക്രമിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു. പോലീസ് സുരക്ഷക്ക് വേണ്ടി അപേക്ഷിക്കില്ല. ജനാധിപത്യ രാജ്യത്ത് പോലീസ് അകമ്പടിയോടെ നടക്കാന്‍ ആഗ്രിഹിക്കുന്നില്ല. എന്നാല്‍ അക്രമത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.