തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് വിട്ട് നല്‍കില്ലെന്ന ഉറച്ച തീരുമാനവുമായി പിണറായി
വിമാനത്താവളം സര്‍ക്കാറിന് അവകാശപ്പെട്ടതാണ്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 15ന് നടക്കുന്ന നീതി ആയോഗില്‍ വിവരം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
തിരുവനന്തപുരമടക്കം ഇന്ത്യയിലെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് കൈമാറാനിരിക്കെ ആണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. 50 വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. അടുത്തമാസം തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരാറായപ്പോഴാണ് അദാനി എന്റര്‍പ്രൈസസ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ലേലം പിടിച്ചത്.
എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങളൊന്നും വ്യോമയാന മന്ത്രാലയം പൂര്‍ത്തികരിച്ചിരുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്ഐഡിസയുടേത് 135 കോടിയുടേതുമായിരുന്നു.
തിരുവനന്തപുരം, മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളാണ് അദാനി എന്റര്‍പ്രൈസസിന് കൈമാറുന്നത്. ഈ ഇടപാടിലൂടെ 1300 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ഉപയോഗിച്ച് മറ്റ് വിമാനത്താവളങ്ങള്‍ നവീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി.
വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വിമാനത്താവളങ്ങള്‍ അഡാനിക്ക് കൈമാറുന്നതിനെതിരെ കേരളം ഉള്‍പ്പടെ പലയിടത്തും നിന്നും പ്രതിഷേധവും ഉയര്‍ന്നിരുന്നു.