പത്മനാഭ സ്വാമി ക്ഷേത്ര ഗോശാലയില്‍ പട്ടിണി കിടന്ന പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ചു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് കാലിത്തീറ്റ എത്തിച്ചു. ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗോശാലയിലെ പശുക്കള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരള ഫീഡ്‌സ് കാലിത്തീറ്റ നല്‍കാന്‍ തയാറായത്.
മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഗോശാല ഇന്ന് സന്ദര്‍ശിച്ചിരുന്നു. ഇവിടുത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണെന്നു കണ്ട് മന്ത്രി കെ.രാജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് കാലിത്തീറ്റ നല്‍കിയത്.
ഗോശാല സന്ദര്‍ശിച്ച മന്ത്രിക്കൊപ്പമെത്തിയ കേരള ഫീഡ്‌സ് അധികൃതരാണ് കാലിത്തീറ്റ പരിപാലകരെ ഏല്‍പിച്ചത്. കന്നുകാലികള്‍ക്ക് ഇത് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഒരു സംഘം മൃഗ ഡോക്ടര്‍മാര്‍ ഇന്നുതന്നെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ അനുവദിച്ച കാലിത്തീറ്റ തികഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇനിയും നല്‍കാന്‍ തയാറാണെന്ന് കേരള ഫീഡ്‌സ് എംഡി ഡോ ബി. ശ്രീകുമാര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഗോശാലയില്‍ ഈ സ്ഥിതി ഉണ്ടായതെന്ന് അറിയില്ലെന്നും മിണ്ടാപ്രാണികളോടുള്ള ദീനാനുകമ്പ കണക്കിലെടുത്തതാണ് കേരളഫീഡ്‌സ് ഈ നടപടി കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭൂമിയില്‍ കുതിരമാളികയ്ക്ക് സമീപത്താണ് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല. ക്ഷേത്രത്തിലേക്ക് പാല് കൊടുക്കാനായാണ് ഗോശാല തുടങ്ങിയത്. എന്നാല്‍, മേല്‍ക്കൂര പോലുമില്ലാതെ ശോചനയീവസ്ഥയിലാണ് ഗോശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ 11 ദിവസം പ്രായമുള്ള പശുക്കുട്ടിയെ നായ്ക്കള്‍ കടിച്ചുക്കൊന്നത്. മറ്റ് പശുക്കളും ദുരിതത്തിലാണ്.
19 പശുക്കളും 17 കിടാങ്ങളുമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇവയ്ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടാറില്ല. പരിചാരകരുമില്ല. മുമ്പ് 15 ലിറ്റര്‍ പാല് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ നാല് ലിറ്റര്‍ മാത്രമാണ് കിട്ടുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പശുക്കളെ ക്ഷേത്രത്തിന് കൈമാറാന്‍ തയ്യാറാണെന്നും ട്രസ്റ്റ് അംഗം വിജയകൃഷ്ണന്‍ പറഞ്ഞു.