ഏഴു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം : അഞ്ചലില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിന് പുറമെ 26 വര്‍ഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയോടുക്കാനും കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. സ്‌കൂളിലേക്ക് പോയ കുട്ടിയെ മാതൃസഹോദരീ ഭര്‍ത്താവായ രാജേഷ് കുളത്തൂപ്പുഴയിലെ എസ്റ്റേറ്റിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓരോ ജീവപര്യന്തവും പ്രത്യേകം അനുഭവിക്കണം.
കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവായ പ്രതി രാജേഷ് സമാനതകളില്ലാത്ത കുറ്റമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ച് മാത്രം വധശിക്ഷ ഒഴിവാക്കി. എന്നാല്‍ ജീവപര്യന്തവും ഇതിനുപുറമേയുള്ള 26 വര്‍ഷം തടവും പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രതിക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു.
2017 സെപ്റ്റംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിക്കൊപ്പം സ്‌കൂളിലേക്ക് പോയ കുട്ടിയെ കുളത്തൂപ്പുഴയിലെ ആര്‍പിഎല്‍ എസ്റ്റേറ്റിലെത്തിച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു. പീഡന വിവരം വീട്ടില്‍ പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ രാജേഷ് കൊലപ്പെടുത്തുകയും സമീപത്തുള്ള എസ്റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയെ കാണാനില്ല എന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്.
കുട്ടിക്കൊപ്പം യാത്ര ചെയ്യുന്ന പ്രതിയുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതും സാക്ഷിമൊഴികളുമാണ് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.