ഉന്നാവ് കേസില്‍ കോടതിയുടെ ഇടപെടല്‍ ശക്തമാകുന്നു ; കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി ; വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി

സര്‍ക്കാരില്‍ ഉള്ള വിശ്വാസം കുറഞ്ഞതോടെ കോടതി തന്നെ അവസാനം ഉന്നാവ് കേസില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നു. ഇതിനെ തുടര്‍ന്ന് ഉന്നാവ് കേസുകളുടെയെല്ലാം വിചാരണ ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. ഉന്നാവ് കേസിലെ പരാതിക്കാരിയുടെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പെണ്‍കുട്ടിയെ ഡല്‍ഹി എയിംസിലേക്ക് എയര്‍ ലിഫ്റ്റ് മാര്‍ഗത്തിലൂടെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞു. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ ചീഫ് ജസ്റ്റിസിനോട് പെണ്‍കുട്ടി വെന്റിലേറ്ററിലാണെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

രണ്ട് മണിക്ക് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനാപകടക്കേസില്‍ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.അതേ സമയം സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും യുപിയില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചു.

സിബിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഉച്ചക്ക് 12ന് ഹാജരായി ഉന്നാവോ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് ഉത്തരവിട്ടു. കേസ് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന നിരസിച്ചാണ് കോടതി നടപടികളിലേക്ക് കടന്നത്.

പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സിബിഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലേക്കു പോയതിനാല്‍ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന. എന്നാല്‍ കേസ് മാറ്റിവയ്ക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി കേസിന്റെ മുഴുവന്‍ വിവരങ്ങളും അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. തുറന്ന കോടതിയിലോ ചീഫ് ജസ്റ്റീസിന്റെ ചേംബറിലോ ഹാജരാകാമെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ വാഹനാപകടത്തില്‍ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ ദുരൂഹതകള്‍ക്ക് വഴി വെച്ചു . അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതു വശത്തു കൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷി അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാറും ട്രക്കും അമിതവേഗതയില്‍ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അര്‍ജുന്‍ വ്യക്തമാക്കി.

സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ സഞ്ചരിച്ചതും ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ക്കാന്‍ ശ്രമിച്ചതുമാണ് ഉന്നാവ് പെണ്‍കുട്ടി ഉള്‍പ്പെട്ട വാഹനാപകട കേസില്‍ ദുരൂഹതയുണര്‍ത്തുന്നത്. ലക്‌നൗവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്.