തന്റെ പേരില്‍ പാറമട ഉണ്ട് എന്ന് തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പി സി ജോര്‍ജ്ജ്
പ്രളയത്തില്‍ പുഴകളില്‍ എത്തിയ മണല്‍ സര്‍ക്കാര്‍ ലേലം ചെയ്യണം എന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. ഇങ്ങനെ ചെയ്താല്‍ നവ കേരള നിര്‍മ്മിതിക്കായുള്ള പതിനായിരം കോടി രൂപയും കൂടാതെ പുനര്‍ നിര്‍മ്മിതിക്കുള്ള മണലും ലഭിക്കുമെന്നും പി സി പറയുന്നു. എന്നാല്‍ ഈ മണലുകളെ ഒന്നും ചെയ്യാതെ എം സാന്‍ഡ് രംഗത്തുള്ള വന്‍കിട ലോബികളെ സഹായിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്നും പി സി ആരോപിക്കുന്നു.
അതേസമയം പ്രളയത്തിന്റെ മറവില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സമ്മതിക്കില്ല എന്നും പി സി പറയുന്നു. കര്‍ഷക വിരുദ്ധ റിപ്പോര്‍ട്ട് നടപ്പിലാക്കുക അല്ല പാറമടകളെ നിയന്ത്രിക്കുകയാണ് വേണ്ടത് എന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. മണ്ണിടിച്ചില്‍ ഉണ്ടായ എല്ലാ ഇടങ്ങളിലും പാറ മടക്കല്‍ ഉണ്ടായിരുന്നു. റെഡ് സോണില്‍ ഒരു പാറമടയും അനുവദിക്കാന്‍ പാടില്ല. തനിക്കും കുടുംബത്തിനും പാറമട ഉണ്ട് എന്നുള്ളത് ആരോപണം മാത്രമാണ് എന്നും ഉണ്ട് എന്ന് തെളിയിച്ചാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പി സി വെല്ലുവിളിച്ചു. അതുപോലെ കേരള സര്‍ക്കാര്‍ പ്രളയ ബാധിതര്‍ക്ക് നയാ പൈസ നല്‍കിയിട്ടില്ല എന്നും പി സി ആരോപിക്കുന്നു.
കനത്ത മഴയില്‍ പല പുഴകളിലും ടണ്‍ കണക്കിന് മണലുകളാണ് ഒഴുകി വന്നത്. എന്നാല്‍ മണല്‍ വാരല്‍ സര്‍ക്കാര്‍ നിരോധിച്ചത് കാരണം പല പുഴകളും ഇപ്പോള്‍ ആഴം കുറഞ്ഞു വരുന്ന സ്ഥിതിയാണ്. ഇത് തന്നെയാണ് മഴ ശക്തമാകുമ്പോള്‍ പുഴകള്‍ കര കവിയാന്‍ കാരണമായി പറയുന്നത്. എന്നാല്‍ മണല്‍ വാരല്‍ നിരോധിച്ച സര്‍ക്കാര്‍ പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്ന സ്ഥിതി വിശേഷണമാണ് ഇപ്പോള്‍. അതിനിടയ്ക്ക് ക്വാറി മാഫിയയെ സഹായിക്കാന്‍ പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തിടുക്കപ്പെട്ടു സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.
പശ്ചിമഘട്ടത്തിലെ പാറക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത് ഖനനം തന്നെ. കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് പാറഖനനത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.
സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരള ഫോറസ്റ്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 5924 ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണെന്നാണ് കണക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്പാദനം കൂടിയാണിത്.