വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ പിടിയില്‍ ; സംഘപരിവാര്‍ പ്രവര്ത്തകന് എന്ന് ആരോപണം
വളാഞ്ചേരി : ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം വലിച്ചെറിയുകയും ചെയ്തയാളെ പൊലീസ് പിടികൂടി. എടയൂര്‍ സ്വദേശി രാമകൃഷ്ണനാണ് പിടിയിലായത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് വളാഞ്ചേരി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് നെയ്തലപ്പുറം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും പ്രതിഷ്ഠയും തകര്‍ക്കുകയുമായിരുന്നു. വളാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാമകൃഷ്ണന് പിടിയിലായത്.
ആരാധനാലയം തകര്‍ത്ത് മതസ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അതിനിടെ ഇയാള്‍ സംഘ പരിവാര്‍ പ്രവര്‍ത്തകനാണ് എന്ന് ആരോപണം ഉയരുന്നുണ്ട്.
വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയും സംഘ പരിവാര്‍ സംഘടനകളും എസ് ഡി പി ഐ അടക്കമുള്ള സംഘടനകള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതി സംഘപരിവാര്‍ അല്ല എന്നാണ് നേതൃത്വം പറയുന്നത്. പ്രതി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് എന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം.