ലൈംഗികാതിക്രമം തടയാന്‍ വൈദികരായി റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്ന് കന്യാസ്ത്രീ
സഭയിലെ ലൈംഗികാതിക്രമണം തടയാന്‍ വൈദികരായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികതയുള്ള റോബോട്ടുകളെ നിയമിച്ചാല്‍ മതിയെന്നു കന്യാസ്ത്രീ. വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ഗവേഷക ഡോക്ടര്‍ ഇലിയാ ദെലിയോയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ് ഡോ. ഇലിയാ ദെലിയോ.
”കത്തോലിക്ക സഭയെ പരിഗണിക്കൂ. പുരുഷാധിപത്യമാണ് അവിടെ. പുരുഷ കേന്ദ്രീകൃതമായ ഒന്നാണ് കത്തോലിക്ക സഭ. നമ്മള്‍ക്ക് അവിടെ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഞാനൊരു റോബോട്ട് വൈദികനെ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാം. റോബോട്ടിനു ലിംഗഭേദമില്ല. ഇത്തരം ലിംഗ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ അല്പം കൂടി മെച്ചപ്പെട്ട രീതിയില്‍ അവര്‍ക്ക് സമൂഹത്തെ സേവിക്കാനാവും.”- ഇലിയാ പറയുന്നു.
റോബോട്ടുകള്‍ മനുഷ്യര്‍ക്ക് പകരമാവുമെന്ന് ഭയക്കേണ്ടതില്ലെന്നും മറിച്ച്, അവര്‍ മനുഷ്യരുമായി പങ്കാവുകയാണെന്ന ബോധം ഉണ്ടാവുകയാണ് വേണ്ടതെന്നും അവര്‍ സൂചിപ്പിച്ചു.
ഈ മാസാദ്യത്തില്‍ ജപ്പാനിലെ ബുദ്ധ ക്ഷേത്രത്തില്‍ കാര്‍മികനായി ഒരു റോബോട്ട് പുരോഹിതന്‍ എത്തിയിരുന്നു. റോബോട്ട് നടത്തിയ പ്രഭാഷണത്തിനു പിറകെയാണ് ഇലിയാ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ജപ്പാനില്‍ ബുദ്ധിസ്റ്റ് ശവസംസ്‌കാരം വര്‍ഷങ്ങളായി നടത്തുന്നത് ഒരു റോബോട്ടാണ്.