ആള്‍ക്കൂട്ട കൊലപാതകവു0 ആര്‍എസ്എസും തമ്മില്‍ ബന്ധമില്ല എന്ന് മോഹന്‍ ഭാഗവത്

ആള്‍ക്കൂട്ട കൊലപാതകവും ആര്‍എസ്എസും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നു ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്. ഭാരതത്തിന് അന്യമായ ആള്‍ക്കൂട്ട കൊലപാതകം (Mob Lynching) എന്ന പദം യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ നിര്‍മിതിയാണ്, സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ട കൊലപാതകം. സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തുന്നത് രാജ്യത്തേയും ഹിന്ദു സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നതും അവരെ സംഘടിപ്പിക്കുന്നതും മുസ്ലീങ്ങളോടുള്ള എതിര്‍പ്പ് മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കണം. ആര്‍.എസ്.എസ് പഠിപ്പിക്കുന്നത് അത്തരത്തിലുള്ള രീതിയാണ്. വികസിത ഭാരതത്തക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക ഉണ്ടാക്കുന്നത്. ഇവരെ ഭൗതീകതലത്തിലും സാമൂഹികതലത്തിലും തിരിച്ചറിയാന്‍ സാധിക്കണം.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയയെും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയെും പ്രശംസിച്ചു. രാജ്യം ശക്തവും ഊര്‍ജ്ജസ്വലവുമായിരിക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരക്കാരെ നമ്മള്‍ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.