ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട മൃഗഡോക്ടറുടെ പേര് പോണ്‍ സൈറ്റില്‍ ട്രെന്‍ഡിംഗ്
തെലങ്കാനയില്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ മൃഗ ഡോക്ടറിനെ വീണ്ടും അപമാനിച്ചു സോഷ്യല്‍ മീഡിയ. ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയുടെ പേര് പോണ്‍ സൈറ്റുകളിലെ ട്രെന്‍ഡുകളില്‍ ഒന്നാമതെത്തി നില്‍ക്കുകയാണ്.
ലോകത്തെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റുകളിലൊന്നിന്റെ ഇന്ത്യന്‍, പാകിസ്ഥാന്‍ പതിപ്പുകളിലാണ് ഡോക്ടറുടെ പേര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. ഈ ലിസ്റ്റില്‍ നിന്നും ഇരയായ പെണ്‍കുട്ടിയുടെ പേര് നീക്കം ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെയാണ് ബുധനാഴ്ച രാത്രി ഹൈദരാബാദില്‍ ക്രൂരമായ ബലാത്സംഗത്തിന് ശേഷം തീകൊളുത്തി കൊന്നത്. രാത്രിയാത്രക്കിടെ ബൈക്ക് കേടായപ്പോള്‍ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ ഔട്ടര്‍ റി0ഗ് റോഡിലെ അടിപ്പാതയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചതിന് ഷംഷാബാദ് സബ് ഇന്‍സ്‌പെക്ടറെയും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ നാല് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായി. സംഭവത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ അനാസ്ഥയും പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്.