ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇരുപതുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിസംബര്‍ 31ന് രാത്രി എട്ടുമണിയോടെയാണ് 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ജനുവരി രണ്ടിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വായില്‍ തുണി തിരുകി കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ ചതവുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കത്തിലെ ചില നമ്പറുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
മാതി എന്ന ഇരുപതുകാരനാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ സംഭവിച്ചതിനെ കുറിച്ച് ഇയാള്‍ വ്യക്തമാക്കി. തനിക്ക് പെണ്‍കുട്ടിയെ അറിയാമെന്നും ന്യൂഇയര്‍ ആഘോഷിക്കാന്‍ തന്നെ വന്ന് കാണണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ഇതനുസരിച്ചെത്തിയ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ വായില്‍ തുണി തിരുകി, കൈകാലുകള്‍ കൂട്ടിക്കെട്ടി പീഡിപ്പിച്ചു. ഇതിനുശേഷം സംഭവം പെണ്‍കുട്ടി പുറത്തു പറയുമെന്ന് ഭയന്ന് പാറക്കല്ല് പെണ്‍കുട്ടിയുടെ പുറത്തിട്ട് കൊലപ്പെടുത്തുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.