ജാമിയ വെടിവെപ്പ് ; പ്രതിക്ക് എതിരെ നടപടിയുമായി ഫേസ്ബുക്ക്
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമിയുടെ അക്കൗണ്ട് നീക്കം ചെയ്ത് ഫേസ്ബുക്ക്. വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമി രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൗണ്ടാണ് നീക്കം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിനെ തുടന്നാണ് ഫേസ്ബുക്ക് ഈ നടപടി സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്തത്.
‘ഇത്തരത്തില്‍ അക്രമം നടത്തുന്ന ആളുകള്‍ക്ക് ഫേസ്ബുക്കില്‍ ഇടമില്ല. ഞങ്ങള്‍ ആ അക്രമിയുടെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അക്രമത്തെയോ അക്രമകാരിയെയോ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കുന്നതുമായ ഏത് അക്കൗണ്ടും കാണുന്ന മുറയ്ക്ക് നീക്കം ചെയ്യുന്നതാണ്’, ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
അതേസമയം, ജാമിയ വെടിവെപ്പിന് മുന്‍പ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 2600 കമന്റുകളാണ് വൈകിട്ട് അഞ്ച് മണിയോടെ ലഭിച്ചത്. 763 തവണ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ 65000 ഓളം പേര്‍ കാണുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തത്.
എന്നാല്‍ ഇതേ പേരില്‍ തന്നെ മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴുമുണ്ട്. എന്നാല്‍, ഈ അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ഇന്നലെ ഉച്ചതിരിഞ്ഞാണ് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഉത്തര്‍ പ്രദേശിലെ ജേവര്‍ സ്വദേശിയായ രംഭക്ത ഗോപാല്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
യുവാവ് വെടിവച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. അതേസമയം പ്രായപൂര്‍ത്തി ആയില്ലാ എന്ന് കാണിച്ചു പ്രതിയെ സംരക്ഷിക്കാന്‍ ആണ് പോലീസ് ശ്രമം. ഇയാള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകനാണ് എന്നതിന് തെളിവ് ലഭിച്ചു എന്നും പോലീസ് പറയുന്നു.