തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ ഭര്‍ത്താവും സംഘവും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി

തിരുവനന്തപുരം പോത്തന്‍കോട്ട് ആണ് സംഭവം ഉണ്ടായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെ വീട്ടില്‍ നിന്നും ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു വീട്ടില്‍ എത്തിച്ചു. അവിടെ വച്ച് ആറുപേര്‍ അടങ്ങുന്ന സംഘം യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ വീട്ടില്‍ നിന്ന് യുവതി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ കണ്ട ഒരു വാഹനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ വീട്ടില്‍ എത്തിച്ചു. വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഠിനംകുളം പൊലീസ് വീട്ടിലെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ പൊലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.