പാലത്തായി പീഡന കേസ് ; പ്രതിക്ക് ജാമ്യം

കണ്ണൂര്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ചു. തലശേരി പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്കെതിരെ ക്രൈംബ്രാഞ്ച് പോക്‌സോ വകുപ്പ് ചുമത്തിയിരുന്നില്ല. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുളള കുറ്റങ്ങളാണ് ഇതിലുള്ളത്.

കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നോ എന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. മാത്രവുമല്ല, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതി കുനിയില്‍ പത്മരാജന്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ അന്വേഷണ സംഘം ഭാഗികമായി കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതാണ് ജാമ്യം ലഭിക്കാന്‍ കാരണമായത്.