ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസ് : നടന്നത് ക്രൂരപീഡനം

തിരുവനന്തപുരം പാങ്ങോട് ക്വറന്റീനിലുള്ള യുവതിക്ക് നേരെ ഉണ്ടായത് ക്രൂരമായ പീഡനം. സംഭവം നടന്ന മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ പിറ്റേ ദിവസം രാവിലെ 8 മണി വരെയാണ് പീഡനം നീണ്ടുനിന്നത്. ഇരു കൈകളും പിന്നില്‍ കെട്ടി വായില്‍ തോര്‍ത്ത് തിരുകി. ശേഷം കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ നിരീക്ഷണം ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. തുടര്‍ന്ന് ഇന്നലെയാണ് പീഡനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.