മന്ത്രവാദത്തിനിടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍

മാന്ത്രിക പൂജയ്ക്ക് ഇടെ ബാലികയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. തിരുവനന്തപുരത്തെ ചിറയന്‍കീഴ് സ്വദേശി മുടപുരം തെന്നൂര്‍ക്കോണം ക്ഷേത്രത്തിലെ പൂജാരിയുമായ ശ്രീകുമാര്‍ നമ്പൂതിരിയാണ് അറസ്റ്റിലായത്.ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മന്ത്രവാദ ചികിത്സയുടെ പേരില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. ക്ഷേത്രത്തില്‍ തൊഴാനെത്തിയ പെണ്‍കൂട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിക്കുകയും ശേഷം ക്ഷേത്രവളപ്പില്‍ തന്നെയുള്ള പൂജാരിയുടെ മുറിയില്‍ കയറ്റി മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്തുകയുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രവാദ പൂജയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരങ്ങള്‍ പറഞ്ഞു. ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൂജാരിയെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. പൂജാരിയുടെ മുറിയില്‍ ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധരെത്തി തെളിവെടുപ്പുകളും പൂര്‍ത്തിയാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.