പാരീസില്‍ കത്തിയാക്രമണം ; നാലുപേര്‍ക്ക് പരിക്ക്

ഫ്രാന്‍സ് : തലസ്ഥാനമായ പാരീസില്‍ കത്തിയാക്രമണം. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോയുടെ ഓഫീസുകള്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുന്‍പിലാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രി ജീന്‍ ജീന്‍ കാസ്റ്റെക്‌സ് പറഞ്ഞു.

രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ പിടിയിലായെന്നാണ് വിവരം. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണം നടന്നതിനു പിന്നാലെ പ്രദേശത്ത് പോലീസ് വിന്യാസം ശക്തമാക്കി. 2015ലെ ചാര്‍ളി ഹെബ്ദോ ആക്രമണവുമായി ബന്ധപ്പെട്ട വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. മുന്പ് ആക്രമണത്തിനു കാരണമായ കാര്‍ട്ടൂണ്‍ മാസിക വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.