ട്രാഫിക് നിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപണം , തിരുവനന്തപുരത്ത് നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം : നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പ് ജീവനക്കാരന്‍ പ്രദീപിനെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മര്‍ദ്ദിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിറമണ്‍കരയില്‍ ആണ് ഗതാഗത കുരുക്കിനിടെ ഹോണ്‍മുഴക്കിയെന്നാരോപിച്ചു രണ്ട് യുവാക്കള്‍ പ്രദീപിനെ മര്‍ദ്ദിച്ചത്. ഹോണ്‍ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ വാഹനം തകര്‍ക്കുകയും നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പ്രദീപ് പറഞ്ഞു.
ഈ കേസ് അന്വേഷണത്തിലും പൊലീസിന് ഉണ്ടായത് വീഴ്ചയാണ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് വായില്‍ നിന്നും ചോരയൊലിപ്പിച്ചാണ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിര്‍ദ്ദേശം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് കേസെടുത്തില്ല എന്നാണ് ആരോപണം.









