ബിരിയാണിയില്‍ മുട്ട ഇല്ല ; തൃശൂരില്‍ ഹോട്ടല്‍ നടത്തുന്ന ദമ്പതികള്‍ക്ക് മര്‍ദ്ദനം

തൃശൂര്‍ ചൂണ്ടലില്‍ ആണ് സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നും കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്നും ആരോപിച്ചുകൊണ്ടാണ് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ യുവാവ് മര്‍ദിച്ചത്. ചൂണ്ടലില്‍ കറി ആന്‍ഡ് കോ. ഹോട്ടല്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശിയും നിലവില്‍ കേച്ചേരി തൂവാനൂരില്‍ താമസക്കാരുമായ ആലഞ്ചേരി തോപ്പില്‍ 42 വയസ്സുള്ള സുധി, ഭാര്യ 40 വയസ്സുള്ള ദിവ്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കേറ്റ അടിയില്‍ ഗുരുതരമായി പരുക്കേറ്റ സുധിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് എട്ടോളം തുന്നലുകളുണ്ട്.

ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുതുശ്ശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലിലെത്തി ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ബിരിയാണിക്ക് കോഴിമുട്ടയും പപ്പടവും വേണമെന്നാവശ്യപ്പെട്ടതോടെ ദിവ്യ ഇത് നല്‍കി. പിന്നീട് കൈ കഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ചുകൊണ്ട് യുവതിയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തതായി പറയുന്നു. സംഭവം സുധി ചോദ്യം ചെയ്തതോടെ ആക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സുധിയും ഭാര്യ ദിവ്യയും പറഞ്ഞു.
പരുക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചൂണ്ടല്‍ പുതുശ്ശേരി സ്വദേശിയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.