പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കി 45കാരി മരണത്തിന് കീഴടങ്ങി

മധ്യപ്രദേശിലെ ദമോ ജില്ലയിലാണ് സംഭവം. സുഖ്റാണി അഹിര്‍വാര്‍ എന്ന 45കാരിയാണ് പതിനാറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ദമോ ജില്ലയിലെ പടാജ്ഹിര്‍ സ്വദേശിനിയാണ് യുവതി. ശനിയാഴ്ചയാണ് ഇവര്‍ തന്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ കല്ലോ ഭായി വിശ്വകര്‍മയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പ്രസവത്തില്‍ കുഞ്ഞും മരിച്ചു.

പ്രസവത്തിന് പിന്നാലെ യുവതിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില മോശമായി. ഉടന്‍ തന്നെ സമീപത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെന്നും എന്നാല്‍ മരണം സംഭവിക്കുകയായിരുന്നുവെന്നും കല്ലോ ഭായ് വിശ്വകര്‍മ പറഞ്ഞു. ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. സംഗീത ത്രിവേദിയും സംഭവം സ്ഥിരീകരിച്ചു. അതേസമയം സുഖ്റാണി അഹിര്‍വാര്‍ ജന്മം നല്‍കിയ പതിനഞ്ച് കുഞ്ഞുങ്ങളില്‍ ഏഴ് പേര്‍ നേരത്തേ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.