ഡിജെ പരിപാടിയുടെ ഉയര്‍ന്ന ശബ്ദം വിനയായി ; വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു

കല്യാണം അടിപൊളിയാക്കാന്‍ പാട്ടും ഡാന്‍സും ഡിജെയും ഒക്കെ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. എന്നാല്‍ ചിലര്‍ക്ക് എങ്കിലും ഇത് അസ്വാസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. പലരും ഇത് പുറത്തു പറയാറില്ല. അവിടെ നിന്ന് മാറി നില്‍ക്കുകയാണ് അവര്‍ ചെയ്യുക. എന്നാല്‍ വരനോ വധുവിനോ ഇങ്ങനെ മാറി നില്ക്കാന്‍ കഴിയില്ല. അത് തന്നെയാണ് ഇത്തരത്തില്‍ ഒരു അത്യാഹിതം ഉണ്ടാകുവാന്‍ കാരണമായത്. വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ സിതാര്‍മഹി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ആയിരുന്നു സംഭവം. ചടങ്ങ് കഴിഞ്ഞ ഉടന്‍ അമിത ഉച്ചത്തില്‍ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരന്‍ കുഴഞ്ഞുവീണത്. വരന്‍ സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമിത ശബ്ദത്തില്‍ ഡിജെ നടക്കുന്നതില്‍ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ച സുരേന്ദ്രകുമാറും വധുവും വിവാഹ പന്തലില്‍ എത്തുകയും വധൂവരന്മാര്‍ മാല കൈമാറുന്നതടക്കമുള്ള ചടങ്ങുകള്‍ നടത്തുകയും ചെയ്തു. വിവാഹ ഘോഷയാത്രയുടെ ഭാഗമായുള്ള ഡിജെ കേട്ടായിരുന്നു സുരേന്ദ്രകുമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇതിന് പലതവണ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതേസമയം കര്‍ശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഡിജെ നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. രാജീവ് കുമാര്‍ മിശ്ര ആവശ്യപ്പെട്ടതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.