ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച് വൃദ്ധന്റെ ലിംഗം മുറിച്ചു മാറ്റി

ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച് വൃദ്ധന്റെ ലിംഗം മുറിച്ചു മാറ്റി. ഇറ്റലിയിലെ ടസ്‌കാനിയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ഇവിടത്തെ ‘സാന്‍ ഡൊണാറ്റോ ആശുപത്രി’യില്‍ (അരിസോയില്‍) 2018 നവംബറിലാണ് കേസിനാസ്പദമായ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. അറുപത് കടന്ന രോഗിക്ക് ലിംഗത്തില്‍ ട്യൂമറാണെന്ന് ഡോക്ടര്‍ തെറ്റായി മനസിലാക്കുകയായിരുന്നുവത്രേ. ശേഷം ശസ്ത്രക്രിയ നിശ്ചയിച്ചു.
എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം, നീക്കം ചെയ്ത ലിംഗം പരിശോധിച്ചപ്പോള്‍ ഇതില്‍ ട്യൂമറില്ലെന്ന് മനസിലാക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ രോഗിക്ക് ലൈംഗികരോഗങ്ങളുടെ ഗണത്തില്‍ പെടുന്ന ‘സിഫിലിസ്’ എന്ന രോഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് സാധാരണനിലയില്‍ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ മാത്രമേയുള്ളൂ.

സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെട്ടതോടെ രോഗി നിയമപരമായി നീങ്ങുകയായിരുന്നു. ഇപ്പോള്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് തനിക്ക് നഷ്ടപരിഹാരം കിട്ടണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലും സമാനമായൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് രോഗിയുടെ ലിംഗം പൂര്‍ണമായും മുറിഞ്ഞുപോവുകയായിരുന്നു. ഇദ്ദേഹവും പിന്നീട് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ കേസില്‍ ഇദ്ദേഹം ജയിക്കുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.