അച്ഛനും അമ്മയ്ക്കും വീണ്ടും കല്യാണം കഴിക്കാന്‍ ഒമ്പതു വയസുള്ള മകനെ കിട്ടിയ കാശിന് വിറ്റു

ഒഡിഷയിലെ ദമ്പതികളാണ് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ജീവിതത്തിന് മകന്‍ തടസമായപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഒഡിഷയിലെ ഗോത്ര ജില്ലയായ മാല്‍കാന്‍ഗിരിയിലാണ് സംഭവം. ബന്ധം വേര്‍പെടുത്തി പുതിയ വിവാഹം കഴിക്കാന്‍ ദമ്പതികള്‍ ആഗ്രഹിച്ചു. എന്നാല്‍, തങ്ങളുടെ പദ്ധതികള്‍ക്ക് മകന്‍ ഒരു തടസമാണെന്ന് ദമ്പതികള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഒമ്പതു വയസുള്ള മകനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബസുദേവ് എന്ന് പേരുള്ള ഒമ്പതു വയസുള്ള ആണ്‍കുട്ടിയെയാണ് മാതാപിതാക്കള്‍ വിറ്റത്. തങ്ങളുടെ ഭാവി പദ്ധതികള്‍ക്ക് മകന്‍ ഒരു തടസമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മകനെ വില്‍ക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.

മാതാപിതാക്കള്‍ കൈയൊഴിഞ്ഞതോടെ ബസുദേവിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. പുതിയ ഉടമസ്ഥര്‍ ബസുദേവിനെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കി. തുടര്‍ന്ന് കന്നുകാലികളെ മേയ്ക്കാന്‍ പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മാനസികമായും കുട്ടി പീഡിപ്പിക്കപ്പെട്ടു. ഓരോ ദിവസവും ജോലികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബസുദേവിന് ഭക്ഷണം നല്‍കുമായിരുന്നുള്ളൂ. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ ബസുദേവ് സമീപത്തുള്ള അങ്കണവാടിയിലേക്ക് ഓടിപ്പോയി. ജയന്തി ഖാരയെന്ന അങ്കണവാടി പ്രവര്‍ത്തക കുട്ടിയെ കാണുകയും കുട്ടിയുടെ ദുരവസ്ഥ അറിയുകയും ചെയ്തു. തുടര്‍ന്ന് ആവശ്യമായ പരിചരണം കുട്ടിക്ക് നല്‍കി.

ഏതായാലും മൂന്നു ദിവസത്തിനുള്ളില്‍ കുട്ടിയെ വാങ്ങിയവര്‍ കുട്ടി എവിടെയാണെന്ന് അറിയുകയും ഇവര്‍ അങ്കണവാടിയില്‍ എത്തി കുട്ടിയെ അനധികൃതമായി ബന്ധിയാക്കിയതിന് ബഹളമുണ്ടാക്കുകയും ചെയ്തു. വാക്കുതര്‍ക്കം കേട്ടെത്തിയ നാട്ടുകാര്‍ പ്രദേശിക ഭരണകൂടത്തിനെ സംഭവം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ബസുദേവിന് ഒരു ഇളയസഹോദരന്‍ ഉള്ളതായി കണ്ടെത്തുകയും ആ കുഞ്ഞിനെയും വിറ്റതായി തെളിയുകയും ചെയ്തു.’ബസുദേവ് എന്ന കുട്ടിയെ ആ കുട്ടിയുടെ അച്ഛന്‍ വിറ്റതായി ഞങ്ങള്‍ക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.’ – ചൈല്‍ഡ് ഹെല്‍പ് ലൈന്‍ അംഗമായ സുകന്ദി ബിസ്വാള്‍ പറഞ്ഞു.