നടിയെ ആക്രമിച്ച കേസ് ; വിചാരണ വെള്ളിയാഴ്ച വരെ മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചിയില്‍ കാറില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.

കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു.

നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.