കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാറിന്റെ പിഎ എന്ന് ആരോപണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബേക്കല്‍ പൊലീസ്. ഇക്കാര്യം കാണിച്ച് പോലീസ് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസിലെ സാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെ. ബി. ഗണേഷ് കുമാറിന്റെ പിഎ ആണെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ് കുമാര്‍ ആണ് ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 23 നാണ് കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രദീപ് ബിബിനെ കാണാന്‍ ബന്ധുവീട്ടില്‍ ചെന്നിട്ടും കാണാന് പറ്റാത്തത്തിനെ തുടര്‍ന്ന് അമ്മാവന് ജോലി ചെയ്യുന്ന ജൂവലറിയില്‍ എത്തുകയും അവിടെ വച്ച് ഫോണിലൂടെ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കത്തുകളിലൂടെയും മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഒടുവില്‍ സഹികെട്ട് ബിബിന്‍ ബേക്കല്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തുകയും ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും പ്രദീപിന്റെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയുമാണ്. സിസിടിവിയിലൂടെ ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് നേക്കാള് പൊലീസ് അറിയിച്ചു.