നടിയെ അക്രമിച്ച കേസില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി ; വിചാരണ കോടതി മാറ്റാനുള്ള ഹര്‍ജി കോടതി തള്ളി
കൊച്ചിയില്‍ നടിയെ അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കും സര്‍ക്കാരിനും തിരിച്ചടി. കേസില്‍ നിലവില്‍ വിചാരണ നടക്കുന്ന പ്രത്യേക കോടതി മാറ്റാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.
സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു ഹര്‍ജിയില്‍ വിധി പറയുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.