ഇവന്റ് കമ്പനി മാനേജര്‍ ആയ യുവതിയെ പീഡിപ്പിച്ച ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പിടിയില്‍
ഇവന്റ് കമ്പനി മാനേജരായ യുവതിയെ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് ദാബ ഉടമകളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 21 ശനിയാഴ്ചയാണ് ഇരുവരും പിടിയിലായത്. 57 കാരനായ മിക്കി മേത്ത, 46 കാരനായ നവീന്‍ ദ്വാര്‍ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയില്‍ ലജ്പത് നഗര്‍, സാകേത് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇവര്‍ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്.
നവംബര്‍ 18,19 തീയതികളില്‍ തന്റെ ഫേസ്ബുക്ക് സുഹൃത്തായ മേത്തയെയും അദ്ദേഹത്തിന്റെ സുഹൃത്തായ ദ്വാരിനെയും കണ്ടിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു. അതിന് ശേഷം കൊണാട്ട് പ്ലേസില്‍ നിന്ന് ദില്ലി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ദ്വാര്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഇതിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ മേത്ത തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. അറസ്റ്റിലായ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മാനേജര്‍ ആണ് യുവതി. ഇവന്റിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വിളിച്ചു വരുത്തിയത്.