നടിയെ ആക്രമിച്ച കേസ് ; മാപ്പുസാക്ഷിയെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിനെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐ പ്രത്യേക കോടതി ഉത്തരവ്. നാളെ വിപിന്‍ ലാലിനെ കോടതിയില്‍ ഹാജരാക്കണം. രേഖകളുമായി ഹാജരാകാന്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനും നിര്‍ദ്ദേശം.

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിപിന്‍ലാല്‍ ജാമ്യം എടുക്കാതെ ജയില്‍ മോചിതനായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച രേഖകളുമായി ജയില്‍ സൂപ്രണ്ടും നാളെ ഹാജരാകണം. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വിപിന്‍ ലാലിനെ വീണ്ടും ജയിലിലേക്ക് അയയ്ക്കാനാണ് സാധ്യത. രേഖകള്‍ പരിശോധിക്കാതെ വിപിന്‍ ലാലിനെ വിട്ടയച്ച ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്കും സാധ്യതയുണ്ട്.

ജാമ്യം എടുക്കാതെ എങ്ങനെ ജയില്‍ മോചിതനായെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. സംഭവത്തില്‍ അപൂര്‍ണമായ റിപ്പോര്‍ട്ട് നല്‍കിയ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തിരുന്നു. കേസില്‍ മാപ്പുസാക്ഷിയാക്കിയെങ്കിലും വിപിന്‍ ലാല്‍ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ നേരത്തെയുള്ള മറ്റൊരു കേസില്‍ വിപിന്‍ ലാലിന് ജാമ്യം ലഭിച്ചപ്പോള്‍ 2018ല്‍ വിയ്യൂര്‍ ജയില്‍ അധികൃതര്‍ ഇയാളെ മോചിപ്പിച്ചു.

വിപിന്‍ ലാലിന്റെ പരാതിയില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വിപിന്‍ ലാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ രേഖകള്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ കോടതി നടത്തിയ പരിശോധനയിലാണ് വിപിന്‍ ലാലിന് ജാമ്യം നല്‍കിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ കോടതി വിളിച്ചുവരുത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് കോടതി ജയില്‍ സൂപ്രണ്ടിനെ ശകാരിച്ചത്.