സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ; ഐ.പി.എല്‍ നായകനാകുന്ന ആദ്യ മലയാളി

വരുന്ന സീസണില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ആസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ഐ.പി.എല്‍ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് ടീം സമൂഹമാധ്യമത്തിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച കാര്യം അറിയിച്ചത്.

യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ രാജസ്ഥാനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ 311 റണ്‍സ് മാത്രമാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി നേടിയത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഇരുപത്താറുകാരനായ സഞ്ജുവായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട് ഐ.പി.എലില്‍ 107 കളിയില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിലെ ഏറ്റവും അനുഭവ സമ്പത്തുള്ള ഇന്ത്യന്‍ താരമാണ് സഞ്ജു. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നായകനായി തെരഞ്ഞെടുത്തത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.