ചേട്ടന്മാര്‍ തോറ്റപ്പോള്‍ അനിയന്മാര്‍ ജയിച്ചു തുടങ്ങി ; ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റനായ ആദ്യ മത്സരം തന്നെ ജയിച്ചു സഞ്ജു

ചേട്ടന്മാരുടെ തോല്‍വിക്ക് ആശ്വാസമായി ഇന്ത്യ എ ടീമിന്റെ വിജയം. അതുപോലെ നായകനായുള്ള ആദ്യം മത്സരം ജയത്തോടെ തുടങ്ങി സഞ്ജു സാംസണ്‍. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ അനൗദ്യോഗിക ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ എ ടീം ന്യൂസിലന്‍ഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. കീവികള്‍ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31.5 ഓവറില്‍ അനായാസം മറികടന്നു. ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് മത്സരത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ത്യ എയ്ക്ക് വേണ്ടി ബൗളര്‍മാര്‍ ആദ്യം തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ബാറ്റ്സ്മാന്‍മാരും തങ്ങളുടെ കരുത്ത് പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 167 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

മറുപടിയുമായി ഇറങ്ങിയ ഇന്ത്യ-എ ടീമിന് ലക്ഷ്യത്തിലെത്താന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് 41 നേടിയപ്പോള്‍, രജത് പാട്ടീദാര്‍ പുറത്താകാതെ 45 റണ്‍സ് നേടി ടീമിനെ 31.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തിച്ചു. നായകന്‍ സഞ്ജു 32 പന്തില്‍ പുറത്താവാതെ 29 റണ്‍സ് എടുത്ത് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കീവികളുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 14-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് എത്തിയ ആരെയും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 27 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ട്ടപ്പെട്ടു. ഷാര്‍ദുല്‍ ഠാക്കൂറും കുല്‍ദീപ് സെന്നും ആദ്യ എട്ട് ഓവറില്‍ തന്നെ സന്ദര്‍ശക ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. പവര്‍പ്ലേയില്‍ 40 റണ്‍സാണ് കീവീസ് നേടിയത്.