പിണറായി സര്‍ക്കാര്‍ ലോക തോല്‍വി; ഭരണത്തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടനും മിമിക്രി താരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ധര്‍മ്മജന്‍ എന്നാല്‍ ഇതുവരെ ആരും അതിന്റെ പേരില്‍ തന്നെ സമീപിച്ചിട്ടില്ല എന്നും പറയുന്നു. ഔദ്യോഗികമായി യാതൊരു ഉറപ്പും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുമില്ല. ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം കോണ്‍ഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സര്‍ക്കാര്‍ ലോക തോല്‍വിയാണ്.

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ തന്നെയാണ് തീരുമാനം. അത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാല്‍ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും”- ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് അനായാസം കേരളത്തില്‍ വിജയം നേടാന്‍ കഴിയും. പക്ഷേ അതിന് പ്രവര്‍ത്തകരും നേതാക്കളും മനസ്സ് വയ്ക്കണം. ഭിന്നതകള്‍ എല്ലാം പറഞ്ഞു തീര്‍ത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്ന് ധര്‍മജനിലെ കോണ്‍ഗ്രസ്സുകാരന്‍ വിലയിരുത്തുന്നു.

ബാലുശ്ശേരിയില്‍ ഇപ്പോള്‍ തന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ട്. ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേര്‍ത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്ന് ധര്‍മജന്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ വിജയവും തോല്‍വിയും തനിക്ക് പ്രശ്‌നമല്ല. മത്സരിച്ചാല്‍ ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. കേരളത്തില്‍ എവിടെയും മത്സരിക്കുവാന്‍ തയാറാണ്. എവിടെ ജയിച്ചാലും പിന്നെ ആ പ്രദേശത്തിന്റെ ആളായി അവിടെ തന്നെ ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറയുന്നു.