അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ഷകര്‍ക്ക് നേരെ അക്രമം

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധം. കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കര്‍ഷകരുടെ ടെന്റുകള്‍ പൊളിച്ചുമാറ്റി. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. കര്‍ഷകര്‍ സമരം ചെയ്യുന്ന വേദിയിലേക്ക് അതിക്രമിച്ചു കയറിയാണ് ഒരു വിഭാഗം അക്രമം നടത്തിയത്.

സമര കേന്ദ്രങ്ങളില്‍ അക്രമം നടത്തിയത് ആര്‍എസ് എസ് ഗുണ്ടകളാണെന്നു കെ.കെ രാഗേഷ് എം.പി പറഞ്ഞു. നാട്ടുകാര്‍ എന്നും സമരത്തിനൊപ്പമായിരുന്നുവെന്നും നാട്ടുകാര്‍ എന്ന പേരില്‍ ആര്‍എസ് എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്ന് അദ്ദേഹം പറഞ്ഞു . എന്നാല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചത് നാട്ടുകാരാണെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് മുദ്രാവാക്യം വിളിച്ച് കര്‍ഷകരെ അക്രമിക്കുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഘു അതിര്‍ത്തിയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പൊലീസ് തടഞ്ഞു. സമരകേന്ദ്രത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.