ബലാല്‍സംഗം ; പീഡനം ; ചൈനയിലെ ഉയ്ഗര്‍ മുസ്ലീം ക്യാമ്പില്‍ നിന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
ഉയ്ഗര്‍ മുസ്ലീങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും പുനര്‍ – വിദ്യാഭ്യാസത്തിന് എന്ന പേരില്‍ ചൈന ആരംഭിച്ച ഷിന്‍ജാംഗിലെ ക്യാമ്പുകളില്‍ നടക്കുന്നത് അതി ക്രൂരമായ പീഡനങ്ങള്‍ എന്ന് വെളിപ്പെടുത്തലുകള്‍. ക്യാമ്പില്‍ നിന്നും മോചിപ്പിക്കപ്പെട്ട തര്‍സുനായി സിയാവുദുന്‍ എന്ന തടവുകാരി താന്‍ ക്യാമ്പില്‍ വെച്ച് മൂന്ന് തവണ കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നു. സ്ത്രീകളെ എല്ലാ രാത്രികളിലും തങ്ങളുടെ സെല്ലില്‍ നിന്ന് മാറ്റുകയും ഒന്നോ അതിലധികമോ വരുന്ന മാസ്‌ക് ധരിച്ച ചൈനീസ് പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയും ചെയ്യുമായിരുന്നു എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതിക്രമത്തിന് ഇരയായ നിരവധി സ്ത്രീകളുമായി സംസാരിച്ച് ബി ബി സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. ക്യാമ്പിലെ ഗാര്‍ഡുകള്‍ തങ്ങളെ നിരന്തരം ബലാത്സംഗത്തിന് വിധേയരാക്കാറുണ്ടായിരുന്നു എന്നും സ്ത്രീകള്‍ വെളിപ്പെടുത്തുന്നു. അവിടെ മുമ്പ് ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി, ഗാര്‍ഡുകള്‍ തടവുകാരെ മര്‍ദ്ദിക്കുന്നതിനും ഇലക്ട്രിക്ക് ഷോക്ക് നല്‍കുന്നതിനും സാക്ഷിയായിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു.അവിടെ തടവുകാരിയായിരുന്ന, കസാക്കിസ്ഥാനില്‍ നിന്നുമുള്ള മറ്റൊരു സ്ത്രീ വെളിപ്പെടുത്തുന്നത് ക്യാമ്പിലെ സ്ത്രീകളെ വസ്ത്രമൂരി നഗ്‌നരാക്കാനും കൈവിലങ്ങ് അണിയിക്കാനുമൊക്കെ അധികൃതര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നാണ്.
2014-ല്‍ ഉയ്ഗര്‍ വിഘടനവാദികളുടെ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഷിന്‍ജാംഗ് സന്ദര്‍ശിച്ചതിനു ശേഷമാണ് ഈ ക്രൂരകൃത്യങ്ങള്‍ക്ക് തുടക്കമാകുന്നത്. അതിനു ശേഷം ചൈന അവിടെ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഒരു വംശഹത്യയ്ക്ക് തുല്യമാണ് എന്നായിരുന്നു കഴിഞ്ഞമാസം അമേരിക്ക പ്രതികരിച്ചത്. എന്നാല്‍, ഈ തടങ്കലിന്റെയും നിര്‍ബന്ധിത വന്ധ്യം കരണത്തിന്റെയുമൊക്കെ റിപ്പോര്‍ട്ടുകള്‍ കള്ളവും വെറും ആരോപണങ്ങളുമാണെന്ന് പറഞ്ഞ് ചൈന നിഷേധിക്കുന്നു.
2020 ജൂണില്‍ ജനസംഖ്യ നിയന്ത്രിക്കാനായി ക്യാമ്പിലെ സ്ത്രീകള്‍ക്കിടയില്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധിയായ വാങ് വെന്‍ബിന്‍ ഇത്തരം റിപ്പോര്‍ട്ടുകളെ ഒന്നാകെ തള്ളിക്കളയുകയും യാതൊരു അടിസ്ഥാനവുമില്ലാത്ത അസംബന്ധം എന്ന് പറഞ്ഞ് നിഷേധിക്കുകയും ചെയ്തു കൊണ്ട് ബുധനാഴ്ച രംഗത്തു വന്നു. വെളിപ്പെടുത്തലുകള്‍ നടത്തിയ ‘ഇരകള്‍’ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അഭിനേതാക്കള്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങള്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അമേരിക്ക ഈ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി, യു എന്‍ മനുഷ്യാവകാശ സഭയുടെ ഹൈ കമ്മീഷണര്‍ക്കും മറ്റ് അന്താരാഷ്ട്ര നിരീക്ഷകര്‍ക്കും ഷിന്‍ജാംഗിലേക്ക് തടസങ്ങളില്ലാതെ പ്രവേശനം എത്രയും പെട്ടെന്ന് സാധ്യമാക്കണം എന്ന് ആവശ്യപ്പെട്ടു. പുനര്‍ – വിദ്യാഭ്യാസത്തിന്റെ മറവില്‍ ഉയ്ഗര്‍ വംശജര്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിച്ചും നിര്‍ബന്ധിത വന്ധ്യം കരണവും പീഡനവും ഉള്‍പ്പെടെയുള്ള ക്രൂരമായ അതിക്രമങ്ങള്‍ നടത്തിയും സമാനതകളില്ലാത്ത അടിച്ചമര്‍ത്തലാണ് ചൈന ഈ ക്യാമ്പുകളില്‍ നടത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ അഭിപ്രായപ്പെടുന്നു.