പുതുച്ചേരിയില്‍ കിരണ്‍ ബേദിയെ ലെഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി

പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ നീക്കി.ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനിടിയിലാണ് ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ സ്ഥാനമാറ്റം. പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ തമിഴ്നാട് മുന്‍ ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനായിരിക്കും ചുമതലയെന്ന് രാഷ്ട്രപതി ഭവന്‍ രാത്രി ഇറക്കിയ ഉത്തരവില്‍ പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡി.എം.കെ. അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം. എന്നാല്‍ നാല് എം.എല്‍.എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്.

കിരണ്‍ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. നാരായണസ്വാമി രംഗത്തെത്തിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വയ്ക്കുകയാണ് കിരണ്‍ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.