നടി ആക്രമിക്കപ്പെട്ട കേസ് ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി
കൊച്ചിയില്‍ നടിആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സാവകാശം തേടി ജഡ്ജി. പ്രത്യേക വിചാരണ കോടതി ജഡ്ജിയാണ് സാവകാശം ചോദിച്ചു സുപ്രീംകോടതിയെ സമീപിച്ചത്. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടറും ഹാജരാകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം സുപ്രീം അംഗീകരിച്ചില്ല.
പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2019 നവംബര്‍ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വിചാരണ നീണ്ടു പോയി. ഇതിനിടെ ആറ് മാസത്തെ സമയം കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി എറണാകുളം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.