CPM-RSS ചര്‍ച്ച നടന്നത് എവിടെ വച്ചെന്ന് വ്യക്തമാക്കണെമെന്ന് എം വി ഗോവിന്ദന്‍
ആര്‍ എസ് എസും സി പി എമ്മും എവിടെ വെച്ചാണ് ചര്‍ച്ച നടത്തിയത് എന്ന് പറയണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. ശ്രീ എം ഇന്ത്യയിലെ മതനിരപേക്ഷതയുടെ പ്രതീകമാണെന്ന് സി പി എം ഗോവിന്ദന്‍ പറയുന്നു. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ശ്രീ എമ്മുമായി സി പി എമ്മിന് ബന്ധമുണ്ടെന്നും അദ്ദേഹം മതനിരപേക്ഷവാദി ആയതുകൊണ്ട് ജമാഅത്തെ ഇസ്ലാമി കുപ്രചരണം നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സി പി എം- ആര്‍ എസ് എസ് ചര്‍ച്ചയ്ക്ക് ശ്രീ എം ഇടനില നിന്നുവെന്ന് പറയുന്നവര്‍ എവിടെവെച്ച്, ഏത് ഹോട്ടലില്‍വെച്ചെന്ന് പറയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വര്‍ഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷവാദിയായ അദ്ദേഹത്തെ കുറിച്ച് പലതും പറയുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി പി എം ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയിട്ടില്ല. യോഗയുമായി ബന്ധപ്പെട്ടാണ് ശ്രീ എമ്മുമായി സഹകരിക്കുന്നത്. ഭൂമി നല്‍കിയതില്‍ തെറ്റില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാം. തെളിവുകളൊന്നുമില്ല.
ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനായ ദിനേഷ് നാരായണന്‍ രചിച്ച ‘The RSS And The Making of The Deep Nation’ എന്ന പുസ്തകത്തിലൂടെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്തായത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആര്‍ എസ് എസ് നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു. ശ്രീ എമ്മിന് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭൂമി നല്‍കിയത് വിവാദമായതോടെയാണ് പുസ്തകം വീണ്ടും ചര്‍ച്ചയായത്.








