പ്രണയത്തിന്റെ നിഴല്‍കാഴ്ചകളെ സമ്മാനിക്കാന്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ പ്രണയസങ്കീര്‍ത്തനങ്ങള്‍


പ്രണയവും വിരഹവും ഇടകലര്‍ന്ന നിഴല്‍ചിത്രങ്ങളുടെ നനുത്ത ഓര്‍മകളെ സമ്മാനിക്കുന്ന പ്രണയസങ്കീര്‍ത്തനങ്ങള്‍ എന്ന ആല്‍ബം ശ്രദ്ദേയമാകുന്നു. ആല്‍ബം മഞ്ജു വാര്യരുടെയും മധു ബാലകൃഷ്ണനെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസായത്.

പറഞ്ഞോ പറയാതെയോ പോയ പ്രണയത്തിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനോട്ടമാണ് ഈ ദൃശ്യകാവ്യം. രാത്രിയുടെ ഏകാന്തസ്വപ്നങ്ങളിലേക്കു പൂര്‍വ്വപുണ്യത്തിന്റെ സൂര്യകാന്തിയായി കൊഴിയുവാന്‍ മാത്രം വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ വരികളും സംവിധാനവും ചെയ്തിരിക്കുന്നത് നെതര്‍ലാന്‍ഡ്‌സില്‍ സീനിയര്‍ ശാസ്ത്രജ്ഞനായ ഡോ.ബാബു വര്‍ഗീസ് ആണ്.

പരിഭവം ചൊന്നു രാവുറങ്ങുമ്പോഴും വീണ്ടും വീണ്ടും കേള്‍ക്കുവാന്‍ കാതോര്‍ത്തുണരുന്ന മനോഹര മെലഡിയായി ഗാനം ചിട്ടപ്പെടുത്തി പാടിയിരിക്കുന്നത് സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ലിയോ ആന്റണി, നകുല്‍ നാരായണന്‍, ലുലു മാത്യു എന്നിവരാണ്. നിലാവും നിഴലും പോലെ ഇടകലര്‍ന്ന നിഴല്‍ചിത്രങ്ങളുടെ, അവ്യക്തമായ ഓര്‍മകളുടെ ദൃശ്യവിസ്മയമാണ് ബെയ്ലി ജോസ് ഒരുക്കിയിരിക്കുന്നത്. നകുല്‍ നാരായണന്‍, രേഷ്മ നകുല്‍, സോന സോജന്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. എഡിറ്റിങ് ക്രിസ്റ്റഫര്‍ ജോസ്.

പ്രണയത്തിന്റെ അള്‍ത്താരയില്‍ നിന്ന് നിഴലുകളിലേക്കുള്ള തീര്‍ത്ഥാടനത്തിനെ കുറിച്ച് പറയുന്ന, ഇതിനോടകം ഹിറ്റായ ഈ ദൃശ്യകാവ്യത്തിന് സമൂഹമാധ്യമങ്ങളില്‍ വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആല്‍ബം കാണാം: