ക്ലബ് ഹൗസ് വഴി ജോലി നേടാം; അഞ്ചുകമ്പനികള്‍ ജീവനക്കാരെ തെരഞ്ഞെടുത്തെത് ക്ലബ്ഹൗസിലൂടെ

ക്ലബ്ഹൗസില്‍ വെറുതെ വെടി പറച്ചില്‍ മാത്രമല്ല അതുകൊണ്ടു ഗുണങ്ങളും ഉണ്ട് . തമിഴ്നാട്ടില്‍ നിന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ ക്ലബ്ഹൗസിലൂടെയാണ് ക്ഷണിച്ചത്. ശനിയാഴ്ചയാണ് ഓഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ അഞ്ച് കമ്പനികള്‍ ഉദ്യോഗാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. ആദ്യ 15 മിനിറ്റിനുള്ളില്‍ നൂറിലധികം ആളുകളാണ് ‘ഗിഗ് ഹൈറിംഗ്’ എന്ന ഗ്രൂപ്പിലേക്ക് കയറിയത്. നൂറിലധികം ജോബ് ഓഫറുകളാണ് ഈ കമ്പനികള്‍ മുന്നോട്ട് വെച്ചത്.

പലരും ജോലി തേടുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് കമ്പനികള്‍ പ്രതികരിച്ചു. കമ്പനിയുടെ സ്ഥാപകരും അവരുടെ എച്.ആര്‍. ജീവനക്കാരും ചേര്‍ന്ന് ക്ലബ്ഹൗസില്‍ കയറി ജോലി ഒഴിവുകളെ കുറിച്ച് വിവരിക്കുകയായിരുന്നു. ഓഡിയന്‌സിന് സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനുള്ള അവസരം അവര്‍ നല്‍കിയിരുന്നു. ഇതില്‍ നിന്ന് താല്‍പര്യമുള്ളവരെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

കൊവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജോബ് ഫെയറുകളും കാമ്പസ് റിക്രൂട്ട്‌മെന്റുകളും നടത്താന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടര്‍കട്ട്‌സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രന്‍ പറയുന്നു. അതിനാല്‍ ക്ലബ് ഹൗസ് എന്ന പുതിയ മാര്‍ഗത്തിലൂടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ലബ്ഹൗസിലെ ആസ്വാദകര്‍ പൊതുവെ ചെറുപ്പക്കാരായിരിക്കും. സംസാരിക്കാനും അഭിപ്രായം രേഖപ്പെടുത്താനും മടികാണിക്കാത്ത അത്തരം ചെറുപ്പക്കാരെയാണ് കമ്പനികള്‍ കൂടുതല്‍ ലക്ഷ്യം വെക്കുന്നത് എന്നാണ് രംഗത്തെ വിദഗ്ദ്ധര്‍ക്ക് പറ്യുവാന്‍ ഉള്ളത്.