ലോകത്തെ ഏറ്റവും അപകടകാരിയായ പോണ്‍ സൈറ്റ്

തലക്കെട്ട് വായിക്കുമ്പോള്‍ ചിരി വരുന്നു എങ്കില്‍ വാര്‍ത്ത മുഴുവനും വായിച്ചു നോക്കിയാല്‍ മതി. ആ ചിരി താനേ ഇല്ലാതായിക്കൊള്ളും. ലോകത്തിലെ ഏറ്റവും അപകടകാരിയായ പോണ്‍ സൈറ്റ് ഒരിക്കല്‍ സന്ദര്‍ശിച്ചാല്‍ പിന്നെ നിങ്ങളെ അറിയാതെ അതിന്റെ അടിമയായി മാറും. അതാണ് ഈ സൈറ്റിനെ ഭയപ്പെടണം എന്ന് പറയാന്‍ കാരണം. ഒരു വ്യക്തിയുടെ ഫോട്ടോ ലഭിച്ചാല്‍ ഒറ്റക്ലിക്കില്‍ അത് ഏത് പോണ്‍ വീഡിയോയില്‍ ഉള്ളയാളുടെ മുഖമായി മാറ്റാന്‍ കഴിയുന്ന സൈറ്റ് ആണ് ഇത്. പ്രതികാര പോണ്‍ ആക്രമണങ്ങള്‍ക്കും മറ്റും വലിയ സാധ്യത തുറന്നിടുന്ന തരത്തിലാണ് ഈ സൈറ്റിന്റെ പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്. ഡീപ്പ് ഫേക്ക് അനുവദിക്കുന്ന വിനോദ സൈറ്റുകള്‍ പലതും നിലവിലുണ്ട്.

അതില്‍ വീഡിയോ ചെയ്യാന്‍ പലരും താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അമേരിക്കന്‍ പ്രസിഡന്റിന് പകരം ഒരു അപ്രധാന വ്യക്തി പ്രസംഗിക്കുന്ന തമാശ വീഡിയോകള്‍ കാണാറുണ്ട്. ഇത്തരം തമാശങ്ങള്‍ ഒപ്പിക്കാന്‍ ഇത്തരം സൈറ്റുകള്‍ ഉപകാരപ്പെടും. പക്ഷെ എല്ലാ ധാര്‍മ്മിക വേലികളും തകര്‍ക്കുന്നതാണ് പുതിയ അപകടകാരിയായ എഐ സൈറ്റിന്റെ പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്. ഡീപ്പ് ഫേക്ക് (Deep Fake) രംഗത്തെ ഏറ്റവും അപകടകാരിയായ സൈറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആദ്യമായി നല്‍കുന്നത് എംഐടി ടെക്‌നോളജി റിവ്യൂ (MIT Technology Review) ആണ്. എന്നാല്‍ സുരക്ഷ മുന്നില്‍ കണ്ട് പേര് അടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തുന്നില്ല.

പ്രധാനമായും ഈ സൈറ്റ് ലക്ഷ്യം വയ്ക്കുന്ന ‘സെക്‌സ് ഫാന്റസി സൈറ്റ്’ എന്ന നിലയിലാണ്. പലര്‍ക്കും നിറവേറാത്ത സെക്‌സ് ഫാന്റസികള്‍ എഐ സഹായത്തോടെ നടത്താം. എന്നാല്‍ ഇത് അപകടം ക്ഷണിച്ചുവരുത്തും എന്ന് വിദഗ്ധര്‍ പറയുന്നു. ആരെയും ലളിതമായി ഒരു പോണ്‍ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ വലിയ തോതില്‍ ദുരുപയോഗം സംഭവിക്കാന്‍ ഇടയുണ്ട്. ഇതുവഴി ഉണ്ടാക്കുന്ന വീഡിയോകള്‍ പിന്നീട് സോഷ്യല്‍ മീഡിയകളിലും മറ്റും പരക്കാനും സാധ്യത ഏറെയാണ്. ബ്ലാക്ക് മെയിലിനും മറ്റും ഇത്തരം വീഡിയോകള്‍ ഉപയോഗിക്കാനും സാധ്യതിയില്ലാതില്ല.

ഇത് ഉപയോഗിക്കുന്ന വ്യക്തിയുടെ മാത്രം അല്ല, തങ്ങള്‍ക്ക് തോന്നുന്ന ഏത് വ്യക്തിയുടെയും ഫോട്ടോ ഉപയോഗിച്ചും വീഡിയോ നിര്‍മ്മിക്കാന്‍ ഈ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് സൈറ്റ് അനുവാദം നല്‍കുന്നു എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ ഒന്നോ രണ്ടോ ക്ലിക്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാകും. അതിനാല്‍ തന്നെ പ്രിവ്യൂ കാണാനും, ഓണ്‍ലൈനില്‍ പ്ലേ ചെയ്യാനും സാധിക്കും. പെയിഡായി ഇത് ഡൗണ്‍ലോഡ് ചെയ്യാനും സൈറ്റ് അവസരം നല്‍കുന്നു എന്നാണ് എംഐടി ടെക് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത്.

പ്രധാനമായും ഇന്‍വിറ്റേഷനിലൂടെയാണ് ഇപ്പോള്‍ ഈ സൈറ്റ് ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിലെ ഡീപ്പ് ഫേക്ക് അത്രത്തോളം യാഥാര്‍ത്ഥ്യം തോന്നുന്നത് അല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ തെറ്റിദ്ധാരണയും ആശങ്കയും ഉണ്ടാക്കാന്‍ ഇവ ധാരളമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പോണ്‍ വീഡിയോകളുടെ വലിയ ലൈബ്രറി തന്നെ ഈ സൈറ്റിനുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിലവില്‍ ധാരാളം സെലിബ്രറ്റികളുടെ മുഖസാദൃശ്യം ഉള്ള വീഡിയോകള്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഭാവിയില്‍ സാധാരണക്കാരുടെ വീഡിയോകളും ഇതുപോലെ പുറത്തു വന്നാല്‍ വലിയ ഒരു ആപത്തായി മാറും.