പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; മലപ്പുറത്ത് 15കാരന്‍ പിടിയില്‍
മലപ്പുറം കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയായ 21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15കാരന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനാണ് പിടിയിലായ കുട്ടി . പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയില്‍ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകില്‍ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു. തലയില്‍ കല്ലു കൊണ്ടടിച്ചു. പെണ്‍കുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികില്‍സ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്നു ലഭിക്കുകയുണ്ടായി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയുണ്ടായി. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം എന്തൊക്കെയോ വായയില്‍ കുത്തിക്കയറ്റി. ഷാളൊക്കെ കീറി. കൈ രണ്ടും കെട്ടിയിട്ടു. കുട്ടിക്ക് കരയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഓടി ഇവിടെ വന്നുകയറുകയായിരുന്നു. ഡ്രസ് ഒക്കെ വലിച്ചുകീറിയ നിലയിലായിരുന്നു. ചളിയില്‍ മുങ്ങിയിരുന്നു. ഇവിടെ വന്ന ശേഷം കുളിക്കാന്‍ സൌകര്യം നല്‍കി. ഡ്രസ് ഒക്കെ മാറ്റി. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഓടിക്കയറിയ വീട്ടില്‍ ഉള്ളവര്‍ പറയുന്നു.